നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. ഹാപ്പി ബർത്ത്ഡേ സുരേഷ്, ഇത് നല്ലൊരു വർഷമാകാൻ ആശംസിക്കുന്നുവെന്നുമാണ് മമ്മൂട്ടി കുറിച്ചത്.
മോഹൻലാൽ, ഉണ്ണിമുകുന്ദൻ തുടങ്ങിയ സഹപ്രവർത്തകരും പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. സിബിഐ ഡയറി കുറിപ്പ്, ധ്രുവം, വടക്കൻ വീരഗാഥ, ന്യൂഡൽഹി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ സുരേഷ് ഗോപിയും മമ്മുട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
1965-ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ആക്ഷൻ സൂപ്പർ സ്റ്റാർ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ‘നിരപരാധികൾ’ എന്ന സിനിമയ്‌ക്ക് ശേഷമാണ് സുരേഷ് ജി നായരെന്ന പേര് സുരേഷ് ഗോപി എന്നാക്കി മാറ്റിയത്.
രാഷ്‌ട്രിയത്തിലേക്ക് കാലെടുത്ത് വച്ചതോടെ അഭിനയരംഗത്ത് ഒരിടവേള എടുത്തിരുന്നു. തുടർന്ന് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ഈ വിടവ് നികത്തിയത്. മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ അദ്ദേഹം, ഇന്ന് കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയാണ്.