ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എഎ റഹീമിനും വി. ശിവദാസനും ഫോൺ കോളിലൂടെ ഭീഷണി സന്ദേശം. ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഖലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കണമെന്നാണ് എംപിമാർക്ക് നൽകിയ ഭീഷണി. ഇരുവരുടെയും പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രിയോടെ ഇരുവരുടേയും ഫോണിലേക്ക് ഭീഷണി കോൾ ലഭിക്കുകയായിരുന്നു. ഡൽഹി എയർപോർട്ടിൽ ചെന്നിറങ്ങി ലോഞ്ചിൽ ഇരിക്കുന്ന സമയത്ത് ആദ്യം റഹീമിനാണ് കോൾ ലഭിച്ചത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ശിവദാസനും കോൾ ലഭിച്ചു. റെക്കോർഡ് ചെയ്ത ഓഡിയോ ആണ് കേട്ടതെന്ന് ഇരുനേതാക്കളും പറഞ്ഞു. രണ്ടുപേർക്കും ഒരേസന്ദേശമാണ് ലഭിച്ചത്.
വിഘടനവാദം ശക്തിപ്പെടുന്നത് ഈ രാജ്യത്തിന് നല്ലതല്ലെന്നും നാനാത്വത്തിൽ ഏകത്വമെന്നതാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആശയമെന്നും വി ശിവദാസൻ എംപി പ്രതികരിച്ചു.