ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ഇത്തരം പ്രഖ്യാപനം നടത്തും മുൻപ് മമത കേന്ദ്രസർക്കാരുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും സുകാന്ത മജൂംദാർ കൂട്ടിച്ചേർത്തു.
ഫെഡറൽ സംവിധാനത്തിലധിഷ്ടിതമാണ് നമ്മുടെ രാജ്യം. സംസ്ഥാന സർക്കാർ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കും മുൻപ് ആദ്യം കേന്ദ്രസർക്കാരുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും സുകാന്ത മജൂംദാർ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു മമത അഭയാർത്ഥി വാഗ്ദാനവുമായി രംഗത്തെത്തിയത്. ബംഗ്ലാദേശിൽ നിന്നുളളവർ അഭയം തേടി വന്നാൽ അവർക്ക് അഭയം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുമെന്ന് ആയിരുന്നു മമതയുടെ വാക്കുകൾ.
നേരത്തെ മമതയുടെ പ്രസ്താവനയ്‌ക്കെതിരെ അമിത് മാളവ്യ ഉൾപ്പെടെയുളളവർ രംഗത്ത് വന്നിരുന്നു. ഇന്ത്യയിലേക്ക് അഭയാർത്ഥികളായി ആരെയെങ്കിലും സ്വാഗതം ചെയ്യാൻ ആരാണ് മമതയ്‌ക്ക് അധികാരം നൽകിയതെന്ന് ആയിരുന്നു അമിത് മാളവ്യയുടെ പ്രതികരണം. ഇമിഗ്രേഷനും പൗരത്വവും കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ പെടുന്ന വിഷയമാണെന്നും സംസ്ഥാനങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടിയിരുന്നു.