തിരുവനന്തപുരം: ആറ്റുകാൽ കുര്യാത്തി അമ്മൻകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സംഭവത്തിന്റെ ഗൗരവം മനസിലാക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. കുര്യാത്തിയിലെത്തി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ സന്ദർശിച്ച ശേഷമായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
കേട്ടുകേൾവി ഇല്ലാത്ത നടപടിക്രമങ്ങൾക്ക് ആണ് കോവിൽ സാക്ഷ്യം വഹിച്ചത്.
പൂജാവിധികൾ തടസപ്പെടുത്തിയ പോലീസ് ഭക്തരുടെ വികാരമാണ് വ്രണപ്പെടുത്തിയത്. പ്രതിഷേധം തെരുവിലേക്ക് എത്തിക്കുന്ന സാഹചര്യം ഒഴിവാക്കണം. പൂജ നടത്തുന്നതിനിടെ പൂജാരിയെ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരെ നടപടി ഉണ്ടായേ തീരൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ഭക്തരുടെ വികാരം വ്രണപ്പെടുത്തി പൂജാരിയെത്തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുക എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അടിയന്തരമായി ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും വി. മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൂജാരിയായ അരുൺ പോറ്റിയെ പൂന്തുറ പൊലീസെത്തി കോവിലിന് മുൻപിൽ നിന്നും ബലമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. നേരത്തെ ജോലി ചെയ്തിരുന്ന പൂന്തുറ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പൊലീസ് നടപടി. കേസിൽ പിറ്റേന്ന് ഹാജരാകാമെന്ന് അരുൺ പോറ്റി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ക്ഷേത്രം തുറന്ന് ദീപാരാധനയ്‌ക്ക് ഒരുക്കങ്ങൾ നടത്തുന്നതിനിടെ പൊലീസെത്തി ബലമായി അരുൺ പോറ്റിയെ കൊണ്ടുപോയത്.
വിലങ്ങ് വച്ചു കൊണ്ടുപോയ പൂജാരിയെ മെഡിക്കൽ എടുപ്പിച്ച് സ്റ്റേഷനിൽ ഇരുത്തിയ ശേഷം രാത്രി 8.15 ഓടെയാണ് വിട്ടയച്ചത്. പൊലീസ് വിളിപ്പിച്ച കേസുമായി ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി വ്യക്തമാക്കിയിരുന്നു.















