ടോക്കിയോയിലെ തോൽവിക്ക് പാരിസിൽ മറുപടി നൽകി ജർമനി. സെമിയിൽ ഇന്ത്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി ഫൈനൽ ബെർത്തിന് വിസിൽ മുഴക്കി. ടോക്കിയോ ഒളിമ്പിക്സിൽ ജർമനിയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ വെങ്കലം നേടിയത്. സെമിയിൽ ഹർമനിലൂടെ ആദ്യം ലീഡെടുത്തത് ഇന്ത്യയായിരുന്നു. പെനാൽറ്റി കോർണർ വലയിലെത്തിച്ചാണ് ഇന്ത്യ തുടങ്ങിയത്.
ആദ്യ ക്വാർട്ടറിൽ ഇന്ത്യ തുടരെ നടത്തിയ ആക്രമണത്തിൽ അഞ്ചിലേറെ കോർണറുകളാണ് ലഭിച്ചത്. എന്നാൽ ജർമൻ പ്രതിരോധം ശക്തിയാർജിച്ചതോടെ ഒരെണ്ണമാണ് വലയിലെത്തിക്കാനായത്. ആദ്യ ക്വാർട്ടറിന് ശേഷം ഉണർന്ന് കളിച്ച ജർമനി 18-ാം മിനിട്ടിലും 27-ാം മിനിട്ടിലുമാണ് ഇന്ത്യൻ വലയിൽ ഗോൾ എത്തിച്ചത്. 36 മിനിട്ടിൽ ഹർമനിലൂടെ ഇന്ത്യ സമനില പിടിച്ചുവെങ്കിലും 54-ാം മിനിട്ടിൽ ജർമനിയുടെ വിജയഗോൾ നേടി.ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കലും ജർമൻ പ്രതിരോധം പലപ്പോഴും വെല്ലുവിളിയായി
59-ാം മിനിട്ടിൽ സമനില പിടിക്കാനുള്ള വലിയൊരു അവസരം ലഭിച്ചുവെങ്കിലും ഹർമൻ പ്രീതിന്റെ ഷോട്ട് പോസ്റ്റിന് പുറത്തുപോയത് ഹൃദയഭേദകമായി. ഇനി വെങ്കല പോരാട്ടത്തിലാകും ഇന്ത്യ ഇറങ്ങുക.