തിരുവനന്തപുരം: മുകേഷിന് തണലൊരുക്കുന്ന സിപിഎം നിലപാടിനെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് പുനരാലോചിക്കണമെന്ന് അഭിപ്രായമാണ് ആനി രാജ ഉയർത്തിയത്.
സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷം. മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാകാം. അവർ എന്ത് ചെയ്തുവെന്ന് നോക്കി നിലപാട് സ്വീകരിക്കേണ്ടവരല്ല ഇടതുപക്ഷം. പ്രതികളായ ജനപ്രതിനിധികളുടെ കണക്കു പറഞ്ഞ് ന്യായീകരിച്ചത് ശരിയാണോയെന്ന് പരിശോധിക്കണം. നീതി ലഭിക്കുമെന്ന ഉറപ്പ് ഇരകൾക്ക് ലഭിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎം നിലപാടിലാണ് ആനി രാജയുടെ പ്രതികരണം. മുകേഷ് കുറ്റവാളിയല്ലെന്നും കുറ്റാരോപിതൻ മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഓർമിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി എംപിമാർക്കും എംഎൽഎമാർക്കുമെതിരെ കേസ് നിലവിലുണ്ടെന്നും അപ്പോഴൊന്നും അവർ രാജി വച്ചിട്ടില്ലെന്നുമായിരുന്നു ഗോവിന്ദൻ ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ ആരോപണം വന്നപ്പോഴും അവർ രാജി വച്ചില്ല. അതിനാൽ മുകേഷും രാജി വെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.















