നടൻ കെന്നഡി ജോൺ വിക്ടർ എന്ന പേര് പറഞ്ഞാൽ ആരും അറിയാനിടയില്ല. ചിയാൻ വിക്രമെന്ന് പറഞ്ഞാൽ അറിയാത്തവരുമില്ല. തന്റെ പ്രണയത്തെക്കുറിച്ചും മൂന്നര പതിറ്റാണ്ടിലേറെയായ വിവാഹ ജീവിതത്തെക്കുറിച്ചും ചിയാൻ ഒരു പോഡ് കാസ്റ്റിൽ വാചാലനായി. ചില്ലറയല്ലാത്ത ചില വെല്ലുവിളികൾ മറികടന്നാണ് താരം മലയാളിയായ ഷൈലജ ബാലകൃഷ്ണനെ ജീവിത സഖിയാക്കിയത്. താൻ ഭാര്യയോട് പറഞ്ഞിരിക്കുന്നത് അവളെന്റെ രണ്ടാമത്തെ പ്രണയമെന്നാണ്. കാരണം ആദ്യ പ്രണയം സിനിമയാണ്. വിവാഹമെന്നാൽ ഒരുപാട് വിട്ടുവീഴ്ചകളുള്ളതാണല്ലോ–താരം പറഞ്ഞു.
വിവാഹത്തിന് ചില വെല്ലുവിളികളുണ്ടായിരുന്നു. മതപരവും സാംസ്കാരികപരവുമായ പശ്ചാത്തലങ്ങൾ ഇരുവർക്കും വേറെയായിരുന്നു. അവൾ മലയാളിയും ഞാൻ തമിഴുമായിരുന്നു. ഇന്ന് അതൊരു പ്രശ്നമല്ല. പക്ഷേ അക്കാലത്ത് പെൺകുട്ടികളോട് സംസാരിക്കുന്നത് തന്നെ വലിയ വിഷയമായിരുന്നു. ഞാൻ പകുതി ഹിന്ദുവും പകുതി ക്രിസ്ത്യനുമാണ്. അവൾ മലയാളിയും. പിന്നെ അതല്ലൊം നടന്നു. അവളെ കണ്ടതിലും അവൾ എനിക്കായി ഇവിടെ ജനിച്ചതിലും ഏറെ സന്തോഷമുണ്ട്.
ഒരു വരിയിൽ അവരെക്കുറിച്ച് പറഞ്ഞാൽ, അവൾ നല്ലൊരു അമ്മയും മികച്ച സുഹൃത്തുമാണ്. കുട്ടിക്കാലത്ത് എനിക്ക് സംഭവിച്ചതിനെയെല്ലാം മറികടക്കാനായത് അമ്മയുടെ പിന്തുണ കാെണ്ടാണ്. പിന്നീട് ഞാൻ വിവാഹിതനായപ്പോൾ അത് എന്റെ ഭാര്യയായി. എന്റെ ശക്തിയും പിന്തുണയുമായി അവൾ എപ്പോഴുമുണ്ടായിരുന്നു. അവളൊരു സൈക്കോളജിസ്റ്റാണ്. നിരന്തരം ആൾക്കാർക്ക് മാനസികമായ പിന്തുണ നൽകി. അവളെ ഒരു മാലാഖയാണെന്ന് ഞാൻ പറയാറുണ്ട്. ആദ്യമായി അവളെ കണ്ടപ്പോൾ എനിക്കെന്തോ ഒരു പ്രത്യേകത തോന്നി. പിന്നീട് ഇതേകാര്യം അവളും എന്നോട് പറഞ്ഞു.നിങ്ങളാണ് എന്റെ പുരുഷനെന്ന് ആദ്യ കാഴ്ചയിൽ തന്നെ തോന്നിയെന്ന് അവൾ പറഞ്ഞു
തുടക്കകാലത്ത് അവൾ നടനാകാനുള്ള എന്റെ ആഗ്രഹത്തിന് പിന്തുണ നൽകിയില്ല. കാരണം ഇരുവരും ആദ്യം കാണുമ്പോൾ ഞാൻ ഊന്നുവടിയിലായിരുന്നു. അവൾ കാര്യങ്ങളെ നല്ലൊരു കാഴ്ചപാടിലാണ് നോക്കിക്കാണുന്നത്. എന്നിൽ നിന്നും ഏറെ വ്യത്യസ്തയാണ്. എനിക്ക് എസി കൂടിയേ തീരുവെങ്കിൽ അവൾ പറയും അവൾക്ക് ഫാനേ വേണ്ടെന്ന്. ഞാൻ ഈ തിളക്കമുള്ള ഡ്രെസ് ധരിച്ചാൽ അവൾ മുഖം ചുളിക്കും നിങ്ങൾക്ക് വട്ടാണോ എന്ന് ചോദിക്കും. എന്നെ ആക്ടിംഗിൽ നിന്ന് മാറ്റി നിർത്താനായിരുന്നു അവളുടെ താത്പ്പര്യം. ആദ്യ കാലത്ത് എന്റെ പടങ്ങളൊന്നും ഓടരുതെന്ന് പ്രതീക്ഷിച്ചിരുന്ന അവൾ ഇന്ന് എന്റെ ചിത്രങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്. —-വിക്രം പറഞ്ഞു.