കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന പ്രതിഷേധത്തിൽ പങ്കുചേർന്ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ മാതാപിതാക്കളും. മകളുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കുകയായിരുന്നുവെന്നും, കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായും ഇവർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണവും ഇവർ ഉയർത്തിയിട്ടുണ്ട്.
” സംഭവമുണ്ടായി വളരെ പെട്ടന്ന് തന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. കേസ് ഒതുക്കി തീർക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. ആശുപത്രിയിൽ എത്തിയിട്ടും മൃതദേഹം കാണാൻ ഞങ്ങളെ അവർ അനുവദിച്ചില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ സമയത്ത് പൊലീസ് സ്റ്റേഷനിലാണ് ഇരുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ അപ്പോൾ തന്നെ അത് വേണ്ടെന്ന് പറഞ്ഞുവെന്നും” യുവതിയുടെ പിതാവ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവരോടൊപ്പം യുവതിയുടെ മാതാപിതാക്കളും ചേർന്നത്. മകൾക്ക് നീതി ലഭ്യമാകണമെന്നും, കുറ്റവാളികളെ എല്ലാം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ആശുപത്രി ജീവനക്കാരനായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷം കൊൽക്കത്ത ഹൈക്കോടതി ഈ കേസ് സിബിഐക്ക് കൈമാറിയിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും സെമിനാർ ഹാളിൽ പ്രവേശിക്കുമ്പോൾ തന്നെ യുവതി രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു സഞ്ജയ് റോയ് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊൽക്കത്ത പൊലീസിനോട് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്നും, അവർ ഒരിക്കലും തന്റെ ഭാഗം അംഗീകരിക്കില്ലെന്നുമാണ് ഇയാളുടെ വാദം. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ തെളിവുകൾ കണ്ടെത്താനുമുണ്ടെന്നും അന്വേഷണസംഘവും വ്യക്തമാക്കി.