തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം ദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ തൃശൂർ ടൈറ്റൻസിന് ഏഴു വിക്കറ്റ് ജയം. കൊച്ചിയുടെ ബാറ്റിംഗിനിടെ മഴ കളി മുടക്കിയതിനെതുടർന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറിൽ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു.
136 റൺസ് വിജയലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ തൃശൂർ 15 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ വരുൺ നായനാരുടെ അർധ സെഞ്ചുറി (38 പന്തിൽ പുറത്താകാതെ 63 റൺസ്) ആണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്. ടോസ് നേടിയ തൃശൂർ കൊച്ചിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 13ലെത്തിയപ്പോൾ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
ഒൻപതാം ഓവറിൽ മഴ കളി തടസപ്പെടുത്തി. ഈ സമയം രണ്ടു വിക്കറ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഷോൺ റോജറിന്റെ വിക്കറ്റ് ടീം സ്‌കോർ 57 ലെത്തിയപ്പോൾ നഷ്ടമായി. 23 പന്തിൽ 23 റൺസ് നേടിയ ഷോണിന്റെ വിക്കറ്റ് പി. മിഥുനാണ് ലഭിച്ചത്. തുടർന്ന് സിജോമോൻ ജോസഫും നിഖിൽ തോട്ടത്തിലും ചേർന്ന് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 38 പന്തിൽ നിന്ന് ഇവരുവരും ചേർന്ന് 78 റൺസാണെടുത്തത്. 23 പന്ത് നേരിട്ട നിഖിൽ മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടർന്നാണ് 16 ഓവറായി മത്സരം ചുരുക്കിയത്. 16 ഓവറിൽ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാറ്റിംഗ് അവസാനിപ്പിച്ചു.
തൃശൂരിനു വേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ ആനന്ദ് സാഗർ -വരുൺ നായനാർ കൂട്ടുകെട്ട് അധികം നീണ്ടില്ല. ആനന്ദിനെ ജെറിൻ, ബേസിലിന്റെ കൈകളിലെത്തിച്ചപ്പോൾ തൃശൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസ് എന്ന നിലയിൽ. സ്‌കോർ 22 ലെത്തിയപ്പോൾ ഒൻപത് പന്തിൽനിന്ന് ആറു റൺസ് നേടിയ അഭിഷേകിന്റെ വിക്കറ്റും നഷ്ടമായി. തുടർന്ന് വരുൺ നായനാരും വിഷ്ണു വിനോദും ചേർന്നുള്ള കൂട്ടുകെട്ട് 10 ഓവറിൽ തൃശൂരിന്റെ സ്‌കോർ 72 ലെത്തിച്ചു. 13-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സ് പറത്തി വരുൺ നായനാർ അർധ സെഞ്ചുറി നേടി. 33 പന്തിൽ നിന്നും 46 റൺസെടുത്ത വിഷ്ണു വിനോദിനെ സിജോമോൻ ജോസഫ് പുറത്താക്കുമ്പോൾ തൃശൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ. തുടർന്നെത്തിയ അക്ഷയ് മനോഹറുമായി ചേർന്ന ക്യാപ്റ്റൻ വരുൺ നായനാർ 15-ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. വരുൺ നായനാരാണ് പ്ലെയർ ഓഫ് ദി മാച്ച്.