ന്യൂഡൽഹി: താൻ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ജമ്മു കശ്മീർ സന്ദർശിച്ച അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ. കശ്മീരിൽ പോകാൻ തനിക്ക് ഭയമായിരുന്നുവെന്നും എന്നാൽ അത് പുറത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ തന്റെ ഓർമ്മക്കുറിപ്പായ “അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയം” (Five Decades of Politics) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കശ്മീരിലെ ലാൽ ചൗക്കിലും ശ്രീനഗറിലെ ഡാൽ തടാകവും സന്ദർശിക്കുമ്പോൾ ഉള്ളിൽ ഭയം തോന്നാറുണ്ടായിരുന്നു. എന്നാൽ യാത്രകൾക്ക് നല്ല പബ്ലിസിറ്റി കിട്ടിയിരുന്നതിനാൽ ഇതൊന്നും ആരോടും തുറന്നു പറഞ്ഞിരുന്നില്ലെന്ന് സുശീൽകുമാർ ഷിൻഡെ പറഞ്ഞു.
തന്റെ ഉപദേഷ്ടാവും വിദ്യാഭ്യാസ വിദഗ്ധനും കൂടിയായ വിജയ് ധറിന്റെ ഉപദേശപ്രകാരമാണ് താൻ കശ്മീരിലെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ കരുതിയത് താൻ ഭയമില്ലാതെ കശ്മീർ സന്ദർശിച്ച ആഭ്യന്തരമന്ത്രിയാണെന്നാണ്. എന്നാൽ യഥാർത്ഥ്യം മറ്റൊന്നായിരുന്നുവെന്നും കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന അതേ പരിഗണന കേന്ദ്ര ഭരണപ്രദേശത്തിന് നൽകിയിരുന്നു. കശ്മീരിലെ വിനോദ സഞ്ചാരമേഖലയിലും വികസന പ്രവർത്തനങ്ങളിലും ഈ മാറ്റം വലിയ തോതിൽ പ്രതിഫലിച്ചു. സെപ്റ്റംബർ 18 ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനൊരുങ്ങുകയാണ് കശ്മീരി ജനത.