തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങൾക്ക് ആഭ്യന്തര വകുപ്പ് വഴങ്ങുന്നതിന്റെ തെളിവായി മലപ്പുറം പൊലീസിലെ ഉടച്ചുവാർപ്പ്. അൻവർ നിരന്തരം വേട്ടയാടിയ മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ നിലമ്പൂർ എംഎൽഎയായ പി.വി അൻവർ മലപ്പുറം എസ്‍.പി ശശിധരനെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റിയിട്ടുണ്ട്. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥ താനൂർ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറർ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. അൻവർ അടക്കമുള്ള ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് ഈ മാറ്റവുമെന്നാണ് സൂചന.
മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. മലപ്പുറം പൊലീസിനെക്കുറിച്ച് വ്യാപക പരാതിയെന്നു പറഞ്ഞാണ് അഴിച്ചുപണി. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം.വി മണികണ്ഠനെ സസ്പെൻഡ‍് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.