ഹുലുൻബുയിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാർ. ഫൈനലിൽ ഒരു ഗോളിന് ചൈനയെ തോൽപ്പിച്ചു. ജുഗ്‍രാജ് സിംഗിന്റെ ഗോളാണ് ഇന്ത്യയുടെ കിരീടം നിലനിർത്തിയത്. നാലാം കോർട്ടറിലായിരുന്നു ജുഗ്‍രാജിന്റെ വിജയഗോൾ. ഇതോടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അഞ്ചാം കിരീടം സ്വന്തമാക്കുകയായിരുന്നു. കന്നിക്കിരീടം മോഹിച്ചെത്തിയ ചൈന ശക്തമായ പ്രതിരോധം തീർത്തുവെങ്കിലും ‘വൻമതിൽ’ തകർത്ത് 51-ാം മിനിറ്റിലായിരുന്നു ജുഗ്‍രാജ് ഗോൾ നേടിയത്. വിജയഗോളിനെ വെല്ലാനുള്ള ചൈനീസ് ശ്രമം ഇന്ത്യയുടെ ആക്രമണത്തിൽ പൊലിഞ്ഞതോടെ ചൈനയുടെ കിരീടമോഹം വീണ്ടും ബാക്കിയായി. ആദ്യമായിട്ടായിരുന്നു ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ചൈന ഫൈനൽ കണ്ടത്.