തിരുവനന്തപുരം: ദ്വൈമാസ ബില്ലിംഗിൽ നിന്ന് പ്രതിമാസ ബില്ലിംഗിലേക്ക് (monthly system) മാറാൻ പദ്ധതിയുമായി കെഎസ്ഇബി. ഉപഭോക്താക്കൾക്ക് അവരുടെ മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താനുമുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. കൂടാതെ, സ്പോട്ട് ബില്ലിംഗ് ചെയ്യുന്നതിനായി ക്യുആർ കോഡ് സൗകര്യവും അവതരിപ്പിച്ചേക്കും.
കേരളത്തിലാകെയുള്ള 1.40 കോടി ഉപഭോക്താക്കൾക്ക് വേണ്ടി നടത്തുന്ന ബില്ലിംഗ് പ്രക്രിയ ലളിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ കുറേവർഷങ്ങളായി ഉപഭോക്താക്കൾ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യമാണ് പ്രതിമാസ ബില്ലിംഗ്. രണ്ടുമാസത്തിൽ നിന്ന് ഒരുമാസത്തേക്ക് മാറ്റുമ്പോൾ ബിൽ തുക ഭാരമില്ലാതെ അടയ്‌ക്കാൻ സാധിക്കുമെന്നതിനാലാണിത്.
200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ ഒരു യൂണിറ്റിന് 8.20 രൂപ എന്ന നിരക്കിൽ ഇലക്ട്രിസിറ്റി താരിഫ് നൽകണം. പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുമ്പോൾ ഉയർന്ന താരിഫുകളും അമിത ബില്ലുകളും ലഘൂകരിക്കാൻ കഴിയും.
ഒരു മീറ്റർ റീഡിംഗ് നടത്താൻ കെഎസ്ഇബിക്ക് വേണ്ടിവരുന്ന ചെലവ് ഏകദേശം 9 രൂപയാണ്. പ്രതിമാസ ബില്ലിംഗിലേക്ക് മാറിയാൽ ഈ തുക ഇരട്ടിയാക്കും. സ്പോട്ട് ബില്ലിംഗ് വന്നാൽ അധിക ജീവനക്കാരെയും നിയമിക്കേണ്ടി വരും. അതിനാൽ ഇത്തരം ചെലവുകൾ വെട്ടിച്ചുരുക്കാൻ മീറ്റർ റീഡിംഗ് ഉപഭോക്താക്കളെ തന്നെ ഏൽപ്പിക്കുന്നത് സംബന്ധിച്ചും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ സ്‌പോട്ട് ബില്ലിംഗിനായി കെഎസ്ഇബി ജീവനക്കാർ വീടുകളിലെത്തുമ്പോൾ ഉപഭോക്താവ് രേഖപ്പെടുത്തിയ റീഡിംഗ് പരിശോധിച്ചാൽ മതിയാകും. അപ്പോൾതന്നെ ബിൽ അടയ്‌ക്കുന്നതിന് സ്പോട്ട് ബില്ലിനൊപ്പം ക്യുആർ കോഡ് സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.
വൈദ്യുതി ചാർജ് വകയിൽ 3,400 കോടി രൂപ കുടിശ്ശികയാണ് വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിയിട്ടുള്ളത്. പ്രതിമാസ ബില്ലിംഗിലേക്ക് മാറുന്നതിലൂടെ, ഓരോ മാസവും കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കാൻ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായേക്കാമെന്നും കെഎസ്ഇബി പ്രതീക്ഷിക്കുന്നു.