സോൾ: ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ സൈനിക പരിശീലന കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.
ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ മുതിർന്നാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടി ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യുൻ സുക് സോൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഈ ആഴ്ച ആദ്യം നടന്ന സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ ശ്രമിച്ചാൽ അതിന് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെയും അമേരിക്കയുടേയും ശക്തമായ പ്രതികരണം നേരിടേണ്ടി വരും. ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കും അതെന്നും” യുഎൻ സുക് സോൾ പറഞ്ഞിരുന്നു.
ഇതിനെതിരെയായിരുന്നു കിം ജോങ് ഉന്നിന്റെ പരാമർശം. ദക്ഷിണ കൊറിയയുടെ നേതാവ് വെറും പാവയാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പരിഹാസം. ” ശത്രുക്കൾ ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കാൻ ശ്രമിച്ചാൽ, ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക ശക്തികളും ഒരു മടിയും ഇല്ലാതെ പ്രയോഗിക്കുമെന്ന്” കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്‌ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണുള്ളത്. ഉത്തരകൊറിയ അടുത്തിടെ ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലയിൽ 250ഓളം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിരുന്നു. ദക്ഷിണ കൊറിയ തങ്ങളുടെ പ്രധാന ശത്രുവാണെന്നും, അതിർത്തിയിൽ ഒരിഞ്ച് പോലും കടന്നുകയറാനുള്ള ശ്രമം ഉണ്ടായാൽ അടുത്ത നിമിഷം യുദ്ധം സംഭവിക്കും എന്നുമാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കുന്നത്.