ഭാരതത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടമാണെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദയയുടെയും വിനയത്തിന്റെയും കരുണയുടെയും ആൾരൂപമായിരുന്നു രത്തൻ ടാറ്റ. ഉയർത്തിയെടുത്ത വ്യവസായങ്ങളിലൂടെ മാത്രം അദ്ദേഹത്തിന്റെ വിജയം അളക്കാനാകില്ല. മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും മനുഷ്യത്വവുമാണ് രത്തൻ ടാറ്റയുടെ വിജയം. മറ്റുള്ളവരെ സഹായിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം.
മറ്റുള്ളവരുടെ വളർച്ചയ്‌ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ചു. ഒരുപാട് ആളുകളുടെ ഹൃദയം കവർന്ന വ്യക്തി. സ്വന്തം നേട്ടമല്ല, ചുറ്റുമുള്ളവരുടെ വളർച്ചയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർത്ഥ വിജയമെന്ന് അദ്ദേഹം തെളിയിച്ചു. രത്തൻ ടാറ്റ …നിങ്ങളുടെ അസാന്നിധ്യം രാജ്യത്തിന് വലിയ നഷ്ടമാണ്. പക്ഷേ, നിങ്ങൾ ബാക്കിവച്ചുപോയ ദയയും സ്നേഹവും വരും തലമുറകൾക്ക് പ്രചോദനകരമാകുമെന്ന് ഉറപ്പാണ്- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
രത്തൻ ടാറ്റയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് രാജ്യം. മുംബൈയിലെ കൊളമ്പോയിലെ അദ്ദേഹത്തിന്റെ വീട്ടിലും എൻസിഎ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വച്ചു. രാഷ്‌ട്രീയ, കായിക, വ്യവസായ, സിനിമാ മേഖലകളിൽ നിന്ന് നിരവധി പ്രമുഖരാണ് രത്തൻ ടാറ്റയ്‌ക്ക് ആദരമർപ്പിക്കാനായി എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും ടാറ്റയെ അവസാനമായി കാണാനെത്തി.