എറണാകുളം: യുവനടിയുടെ പീഡനാരോപണ കേസിൽ നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലാൽ എത്തണമെന്നാണ് അന്വേഷണ സംഘം നിർദേശിച്ചത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഇന്ന് ഹാജരാക്കണമെന്നും അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. അതുകൊണ്ട്, വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ഉദ്യോഗസ്ഥരായ മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ നാർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലാണ് ചോദ്യം ചെയ്യൽ നടന്നത്. പരാതിക്കാരിയെ ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം.