ന്യൂഡൽഹി: വീണ്ടും വൻ ലഹരിവേട്ട. ഗുജറാത്തിലെ അങ്ക്ലേശ്വറിൽ നിന്ന് 5,000 കോടി വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡൽഹി പൊലീസ് നടത്തുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്.
517 കിലോഗ്രാം കൊക്കെയ്നാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്. ഫാർമ സൊല്യൂഷൻസ് സർവീസ് എന്ന കമ്പനിയുടെ കൊക്കെയ്ൻ ആണിതെന്നാണ് പ്രാഥമിക വിവരം. അവ്കർ ഡ്രഗ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് അയച്ചിരിക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അങ്ക്ലേശ്വറിൽ നിന്ന് ലഹരിമരുന്ന് പിടികൂടാൻ കഴിഞ്ഞത്.
ഒക്ടോബർ പത്തിനായിരുന്നു 2,000 കോടിയുടെ 200 കിലോ കൊക്കെയ്ൻ ഡൽഹിയിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നിന് 5,000 കോടിയുടെ 562 കിലോ ലഹരിമരുന്നും ഡൽഹിയിൽ നിന്ന് തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് 517 കിലോയുടെ കൊക്കെയ്ൻ വേട്ട കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 10 ദിവസത്തിനിടെ പിടിച്ചെടുത്ത കൊക്കെയ്ന്റെ അളവ് 1,289 കിലോയായി.