കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പി പി ദിവ്യയ്‌ക്കെതിരായ പ്രതിഷേധങ്ങൾ കത്തിപ്പടർന്നതോടെ മാദ്ധ്യമങ്ങളെ കാണുകയായിരിരുന്നു അദ്ദേഹം.
” യാത്രയയപ്പ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. ഇത് സംബന്ധിച്ച് ഇപ്പോൾ ഉയർന്നുവരുന്ന എല്ലാ ആരോപണങ്ങളും പരാതികളും സർക്കാർ അന്വേഷിക്കണം. എല്ലാ കാര്യത്തിലും വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.”- എം വി ജയരാജൻ പറഞ്ഞു.
പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെയാണ് എം വി ജയരാജൻ നിലപാടറിയിച്ചത്. എന്നാൽ പി പി ദിവ്യയെ പൂർണമായി തള്ളി പറയാൻ സിപിഎം തയ്യാറായില്ല. കണ്ണൂർ ജില്ലാ പ്രസിഡന്റ് പറഞ്ഞത് അനൗചിത്യമായെന്നും അവസരത്തിൽ അല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നുമായിരുന്നു പാർട്ടിയുടെ വിശദീകരണം.
രാവിലെ ജയരാജനെ മാദ്ധ്യമങ്ങൾ സമീപിച്ചിരുന്നെങ്കിലും അദ്ദേഹവും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. റവന്യൂ മന്ത്രി കെ രാജൻ ഉൾപ്പെടെ പിപി ദിവ്യയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതുവരെ അഴിമതി ആരോപണങ്ങൾ ഉയരാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു എന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. പിപി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും ജില്ലയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.