ചണ്ഡീഗഡ്: രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ് നായബ് സിംഗ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിൽ സെയ്നിയും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. തന്റെ മുൻഗാമിയും ഉപദേഷ്ടാവുമായ ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടറിനൊപ്പമാണ് നായബ് സിംഗ് സെയ്നി വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാരാണ് ഹരിയാന മന്ത്രിസഭയിലുള്ളത്. മുതിർന്ന നേതാവ് അനിൽ വിജ് സെയ്‌നിയും രണ്ടാം മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ സീറ്റിൽ മത്സരിച്ച് വിജയിച്ച നായബ് സിംഗ് സെയ്നിയെ കഴിഞ്ഞദിവസം ഹരിയാനയിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന
തെരഞ്ഞെടുത്തിരുന്നു. തുടർന്ന് അദ്ദേഹം ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. ഒക്ടോബർ 5 ന് നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ നായബ് സിംഗ് സെയ്നി ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചിരുന്നു. എക്സിറ്റ്പോൾ ഫലങ്ങളെ കാറ്റിൽ പറത്തി 90 ൽ 48 സീറ്റുകൾ നേടി രണ്ടാം തവണയും ബിജെപി അധികാരത്തിലെത്തുകയായിരുന്നു.