തമ്പുരാൻ എന്ന വിശേഷിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി പ്രിൻസ് അവിട്ടം തിരുനാൾ ആദിത്യ വർമ. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി അവതാരക വീണാ മുകുന്ദൻ ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “തമ്പുരാൻ വിളിയുടെ ആവശ്യമില്ല, രാജഭരണമൊക്കെ കഴിഞ്ഞു മിസ്റ്റർ, രാജാവും തമ്പുരാനുമൊക്കെ പണ്ട്” എന്നീ കമന്റുകളോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു വീണയുടെ ചോദ്യം.
തമ്പുരാൻ എന്നാൽ രാജാവ് എന്നർത്ഥമില്ലെന്നും തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ എന്നേ അർത്ഥമുള്ളൂവെന്നും അദ്ദേഹം മറുപടി നൽകി. “തമ്പുരാൻ എന്നുദ്ദേശിക്കുന്നത് ഒരു കാസ്റ്റിനെയാണ് (ജാതി). പല കാസ്റ്റുകളുണ്ട്. നമ്പൂരിപ്പാട്, പണിക്കർ, നായർ, മോനോൻ, അതുപോലെ തമ്പുരാൻ എന്ന് പറയുന്നത് കാസ്റ്റാണ്. ആദിത്യവർമ തമ്പുരാൻ എന്ന് പറഞ്ഞാൽ തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ എന്നേ അർത്ഥമുള്ളൂ. അല്ലാതെ തമ്പുരാൻ എന്ന് വിളിച്ചാൽ രാജാവ് എന്നൊരു അർത്ഥമില്ല. പേരിനൊപ്പം രാജകുമാരൻ എന്ന് വയ്‌ക്കണണമെന്ന നിർബന്ധം എനിക്കില്ല. എന്റെ ഡ്രൈവിംഗ് ലൈസൻസിലെ പേര് ആദ്യത്യ വർമ എന്നാണ്. പാസ്പോർട്ടിലും അതുതന്നെയാണ്. ആധാറിൽ പ്രിൻസ് ആദിത്യ വർമ എന്നാണ്. എസ്എസ്എൽസി ബുക്കിൽ പ്രിൻസ് ആദിത്യ വർമ എന്നായതുകൊണ്ട് ആധാറിലും അങ്ങനെ വന്നതാണ്. ഇനിയിപ്പോൾ ആധാർ കണ്ടിട്ട് ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. “- ആദ്യത്യ വർമ മറുപടി പറഞ്ഞു.
പ്രിൻസ് ആദിത്യ വർമയുടെ അഭിമുഖങ്ങൾക്ക് താഴെ വരുന്ന കമന്റുകളിൽ ഒരു വിഭാഗമാളുകൾ അദ്ദേഹത്തെ പരിസഹിച്ച് രംഗത്തെത്താറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.