തൃശൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യക്കെതിരെ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദിവ്യക്കെതിരായ പൊലീസ് അന്വേഷണം കൃത്യമായി മുന്നോട്ട് പോകും. പാർട്ടിയുടെ ഭാഗത്ത് നിന്നും ദിവ്യക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ വാദം നടക്കുകയാണ്. വിഷയത്തിൽ വിധി വരട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് തുടക്കം മുതൽ വ്യക്തമാക്കിയതാണ്. ദിവ്യക്കെതിരായ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും പാർട്ടി തയ്യാറല്ല. നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം കൃത്യമായാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടും ദിവ്യയെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസ് തയ്യാറായില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ലാൻഡ് റവന്യൂ വകുപ്പിന്റെ അന്വേഷണത്തോടും ദിവ്യ സഹകരിച്ചില്ലെന്ന് അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.