തിരുവനന്തപുരം: ആശുപത്രിയിൽ പോകാൻ മേലുദ്യോഗസ്ഥൻ അവധി നിഷേധിച്ചതിനെത്തുർന്ന് 7 മാസം ഗർഭിണിയായിരുന്ന സർക്കാർ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടമായെന്ന് പരാതി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ സർക്കാർ ജീവനക്കാരിക്കാണ് ശിശുവികസന ഓഫീസർ അവധി നിഷേധിച്ചതിനെത്തുടർന്ന് ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്.
ഡെറാബിസ് ബ്ലോക്കിലെ ചൈൽഡ് ഡെവലപ്‌മെൻ്റ് പ്രോജക്ട് ഓഫീസർ (സിഡിപിഒ) സ്‌നേഹലത സഹുവിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പരാതിക്കാരി ബർഷ പ്രിയദർശിനി ആരോപിച്ചു. ഓഫീസിൽ ജോലിചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് സിഡിപിഒ സ്‌നേഹലത സഹുവിനോടും മറ്റ് ജീവനക്കാരോടും തന്നെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വൈദ്യസഹായം നൽകണമെന്ന അഭ്യർത്ഥനകളൊന്നും ഓഫീസർ ചെവിക്കൊണ്ടില്ലെന്ന് പ്രിയദർശിനി ആരോപിക്കുന്നു.
വീട്ടുകാരെത്തിയാണ് പ്രിയദർശിനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചുതന്നെ മരിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ സ്‌നേഹലത സഹുവിനെ തൽസ്ഥാനത്തുനിന്ന് നീക്കിയതായി ഉപമുഖ്യമന്ത്രി പ്രവൃത്തി പരിദ പറഞ്ഞു. നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.