റാഞ്ചി: ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കും. അതിനാൽ വനവാസി വിഭാഗങ്ങളെ ഏകീകൃത സവിൽ കോഡിൽ നിന്നും ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഝാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സംസ്ഥാനം രൂപീകരിച്ചിട്ട് 25 വർഷമായതിനാൽ 25 വാഗ്ദാനങ്ങളാണ് ബിജെപി പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നത്. ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കും. വനവാസി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയായിരിക്കും നിയമം നടപ്പിലാക്കുക.
വനവാസി വിഭാഗങ്ങളുടെ പാരമ്പര്യവും പൈതൃകവും പൂർണമായും സംരക്ഷിക്കപ്പെടും. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടും. കുടിയേറ്റക്കാർ അനധികൃതമായി സ്വന്തമാക്കിയ വനഭൂമി വനവാസി വിഭാഗങ്ങൾക്ക് തിരികെ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ പരാജയപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകും. പ്രതിമാസം 2,100 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. രക്ഷാബന്ധൻ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ സ്ത്രീകൾക്ക് നൽകുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഝാർഖണ്ഡിലെ യുവാക്കൾക്കായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
21 ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും, കുടിവെള്ള സൗകര്യവും ഒരുക്കും. പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കർഷകർക്കും യുവാക്കൾക്കുമായി നിരവധി പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.