പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മാലിന്യം നീക്കം ചെയ്ത് മടങ്ങുന്നതിനിടെ ട്രെയിൻ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹവും കണ്ടെടുത്തു. സേലം സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
അപകടം നടന്ന സ്ഥലത്ത് നിന്നും 100 മീറ്റർ പരിധിക്കുള്ളിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും ലക്ഷ്മണനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ലക്ഷ്മണൻ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), റാണി (45) എന്നിവരുടെ പോസ്റ്റുമോർട്ടം രാവിലെ നടത്തി. റാണിയുടെ ഭർത്താവായ ലക്ഷ്മണന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്. റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്ന കരാർ ജോലിക്കിടെയായിരുന്നു അപകടം.
മാലിന്യം ശേഖരിക്കുന്നതിനിടെ കേരള എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടെങ്കിലും ഇവർക്ക് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. ആദ്യമായാണ് നാല് പേരും റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്ന ജോലിക്കെത്തിയത്. ഇവർ ഉൾപ്പെടെ 10 പേർ സംഘത്തിലുണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് മറ്റ് ആറ് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.