ന്യൂഡൽഹി: കാനഡയിലെ ഹിന്ദു സഭ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ഭീരുത്വ ശ്രമങ്ങളാണിതെന്നും അദ്ദേഹം വിമർശിച്ചു. ഖലിസ്ഥാൻ ഭീകരന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാരോപിച്ച് സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. നയതന്ത്ര ബന്ധം വഷളായതിന് ശേഷം കാനഡയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ പ്രതികരണമാണിത്.
“കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആസൂത്രിത ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങൾ നടുക്കുന്നതാണ്. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നിയമാനുസൃതമായി മുന്നോട്ട് പോകുമെന്നും നീതി ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
ഓന്ററിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയവും അപലപിച്ചിരുന്നു. ഖലിസ്ഥാനികളുടെ ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്ന സംഭവമാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഖലിസ്ഥാൻ പതാകളുമായി എത്തിയ ഭീകരവാദികൾ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കനേഡിയൻ എംപി ചന്ദ്ര ആര്യയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.