ചെങ്ങന്നൂർ: ശബരിമലയിൽ ആചാരപരമായ കാര്യങ്ങൾ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ പോലും അയ്യപ്പൻമാർക്ക് നിഷേധിക്കുകയാണെന്ന് ശബരിമല കർമ്മ സമിതി. സുഗമമായ തീർത്ഥാടനം ഉറപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ചെങ്ങന്നൂരിൽ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന് ശേഷം കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ പറഞ്ഞു. ശബരിമലയുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹകരണം ആവശ്യമാണ്. അതിന്റെ ഭാഗമായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കാനും സംഗമത്തിൽ തീരുമാനമായി.
പൂർണമായും ശാന്തവും സമാധാനവുമായി എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാൻ കഴിയുന്ന സ്ഥിരം സംവിധാനം വേണം. അതിനുളള പ്രവർത്തനങ്ങൾക്കായിട്ടാണ് ശബരിമല വികസന അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ശബരിമലയിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്കും ഇതുവരെ പരിഹാരമില്ല. മാത്രമല്ല, അതെല്ലാം ഗുരുതരമാകുകയുമാണെന്ന് എസ്‌ജെആർ കുമാർ പറഞ്ഞു. കേരള സർക്കാരോ ദേവസ്വം ബോർഡോ മാത്രമല്ല കേന്ദ്രസർക്കാരോ കേരളത്തിന് പുറത്തുളള സംവിധാനങ്ങളോ കൂടി ചേർന്നാൽ മാത്രമേ ശബരിമലയെ വികസിപ്പിക്കാനാകൂവെന്നും കർമ്മസമിതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ മാറിമാറി വരുന്ന സർക്കാരുകൾ ശബരിമലയ്‌ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയിലെ പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരമൊരുക്കാൻ കൂടുതൽ വനഭൂമി പതിച്ചുകിട്ടണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുകൂല നയം വേണം. റോഡിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. മണ്ഡലകാലം അടുത്തെത്തിയിട്ടും നടപ്പന്തൽ പണി തീരാതെ കിടക്കുകയാണ്. പാർക്കിംഗിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. അയ്യപ്പൻമാരുടെ ആരോഗ്യസംരക്ഷണത്തിനോ കുടിവെളള വിതരണത്തിനോ പോലുമുളള സംവിധാനമില്ല. നയാ പൈസയില്ലാത്ത കേരള സർക്കാർ എങ്ങനെയാണ് ശബരിമലയെ നന്നാക്കുകയെന്നത് സംശയകരമാണെന്ന് കർമ്മസമിതി പറഞ്ഞു.
സന്നിധാനത്ത് ഹോട്ടലുകൾ അനുവദനീയമല്ല. ഭാരതത്തിലെ മറ്റ് സമാനമായ ക്ഷേത്രങ്ങളെടുത്താൽ എല്ലാം ക്ഷേത്ര ട്രസ്റ്റുകളുടെ പേരിൽ അന്നദാനം നടത്തുകയാണ് ചെയ്യുന്നത്. ശബരിമലയിൽ ഹോട്ടലുകൾ അനുവദിക്കുന്നത് അവിടുത്തെ കച്ചവടം ലക്ഷ്യമിട്ടാണ്. ശബരിമലയിൽ നിന്നും എങ്ങനെ പണം നേടാം എന്നാണ് ലക്ഷ്യം. അതേസമയം ഭക്തർക്ക് യാതൊരു സൗകര്യവും ഒരുക്കുന്നുമില്ല എസ്.ജെ.ആർ കുമാർ പറഞ്ഞു.
ആചാരപരമായി മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ച് അയ്യപ്പഭക്തരെ ശബരിമലയിൽ നിന്നും അകറ്റി നിർത്താനുളള ശ്രമമാണ് നടക്കുന്നത്. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ അവലോകന യോഗങ്ങളിൽ പോലും ഭക്തരുടെയോ ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളുടെയോ പ്രതിനിധികളെ വിളിക്കാൻ തയ്യാറാകുന്നില്ല. ദേവസ്വം ബോർഡിന്റെ കഴിവുകേടാണ് എല്ലാ ക്ഷേത്രഭരണത്തിലും കാണുന്നത്. പറ്റില്ലെങ്കിൽ വെച്ചൊഴിയാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും എസ്‌ജെആർ കുമാർ പറഞ്ഞു.