തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്. തനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് കുറിച്ചതെന്നും അത്തരം അവകാശം ഏതൊരാൾക്കുമുണ്ടെന്നും എൻ പ്രശാന്ത് പറഞ്ഞു. ജയതിലകിനെതിരായ അധിക്ഷേപ പരാമർശത്തിൽ സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ ഒരു സ്വകാര്യ മാദ്ധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഏതൊരു ഇന്ത്യൻ പൗരനെയും പോലെ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എനിക്കുമുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ ഞാൻ വിമർശിച്ചിട്ടില്ല.
ജയതിലകിനെതിരെ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണ്. ഇതിനിടെയാണ് പലരുടെയും സ്വാധീനം ഉപയോഗിച്ച് എനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. എന്നാൽ ജുഡീഷ്യൽ സംവിധാനത്തിൽ എല്ലാവിധ വിശ്വാസവും എനിക്കുണ്ട്.”- എൻ പ്രശാന്ത് പറഞ്ഞു.
സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്ന ചില നിയമങ്ങൾ മാത്രമേ ഐഎഎസ്‌കാർക്ക് ബാധകമായിട്ടുള്ളൂ. എന്നാൽ തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ പറയാനുള്ള അവകാശം ഏതൊരാളെയും പോലെ തനിക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരായ സർക്കാർ നടപടി. മനോരോഗി എന്നതടക്കമുള്ള പരാമർശങ്ങൾ പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സസ്പെൻഷൻ നടപടിയെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.