മലയാളികളുടെ ചായക്കടികളിൽ പ്രധാനിയാണ് പരിപ്പുവട. നാല് മണിക്ക് ഒരു ഗ്ലാസ് കട്ടൻ ചായയ്‌ക്കോ കാപ്പിക്കോ ഒപ്പം ഒരു പരിപ്പുവട കൂടി ആയാൽ സംഭവം പൊളിയായി. പാകത്തിന് മൊരിയുന്നതും ചേരുവകളുമാണ് പരിപ്പുവടയെ റിച്ച് ആക്കുന്നത്.
സാധാരണയായി കടലപ്പരിപ്പ് കൊണ്ടാണ് പരിപ്പുവട ഉണ്ടാക്കുന്നത്. എന്നാൽ സാമ്പർ പരിപ്പ് കൊണ്ടും പരിപ്പുവട തയ്യാറാക്കാം. രുചിയും ക്രിസ്പിനസും ഒട്ടും കുറയാതെ സ്വാദൂറുന്ന പരിപ്പുവട ഉണ്ടാക്കാം. റെസിപ്പി ഇതാ..
ചേരുവകൾ
- സാമ്പാർ പരിപ്പ്- 300 ഗ്രാം
- സവോള- 2
- ചുവന്നുള്ളി – 10 എണ്ണം
- ഉണക്കമുളക് – 5 എണ്ണം
- പച്ചമുളക് – 5 എണ്ണം
- ഇഞ്ചി – ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില (അരിഞ്ഞത്) – 2 തണ്ട്
- കായപ്പൊടി – കാൽ ടീസ്പൂൺ
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- ജീരകം- അൽപം
തയ്യാറാക്കേണ്ട വിധം
കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പരിപ്പ് കഴുകി കുതിർക്കണം. സവോള, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വളരെ ചെറുതായി അരിഞ്ഞെടുക്കുക. മല്ലിയിലയുടെ രുചി ഇഷ്ടമുള്ളവർക്ക് അതും ചേർക്കാവുന്നതാണ്. സവോള ഉപ്പ് ചേർത്ത് തിരുമ്മി വെള്ളം പിഴിഞ്ഞെടുക്കുക.
വെള്ളം വാർന്നുപോയതിന് ശേഷം പരിപ്പ് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരയ്‌ക്കാൻ. നന്നായി അരഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ ഇതിനൊപ്പെം ചേർത്ത് കൊടുക്കുക. തുടർന്ന് നന്നായി യോജിപ്പിക്കുക. ഈ സമയം കായപ്പൊടിയും ജീരകവും കൂടി ചേർക്കുക. ഇനി ഇത് അരമണിക്കൂർ മാറ്റിവയ്‌ക്കാം. അതിനുശേഷം ഒന്നുകൂടി കുഴച്ചെടുക്കണം.
മാവിൽ നിന്ന് കുറച്ചെടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് പതുക്കെ ഒന്ന് അമർത്തി കൊടുക്കാം. എണ്ണയിലിട്ട് ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരാം. സ്വാദിഷ്ഠമായ പരിപ്പുവട തയ്യാർ. കട്ടന് ഒപ്പം കഴിച്ചാൽ കഴിഞ്ഞ കാലത്തേക്ക് കൂടി പോകാം…