ജയ്പൂർ: നിർബന്ധിച്ച് മതംമാറ്റുന്നത് നിരോധിച്ച് രാജസ്ഥാൻ. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിന് രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകി. കബളിപ്പിച്ചും നിർബന്ധിച്ചും മതപരിവർത്തനം ചെയ്യുന്നത് പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായാൽ കുറ്റക്കാർക്ക് രണ്ട് മുതൽ 10 വർഷം വരെ തടവും 25,000-50,000 രൂപ പിഴയുമാണ് ശിക്ഷ.
നിർബന്ധിച്ചോ പ്രേരിപ്പിച്ചോ നടത്തുന്ന വിവാഹങ്ങൾ അസാധുവാക്കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് രാജസ്ഥാൻ സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുൻപ് ജില്ലാ കളക്ടറെ വിവരം അറിയിക്കണം. മതപരിവർത്തന ചടങ്ങിന് 30 ദിവസത്തെ നോട്ടീസ് നൽകുന്നതാണ്. മതംമാറിയ ശേഷം കളക്ടർക്ക് സത്യവാങ്മൂലം നൽകുകയും വേണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നു.
വഞ്ചന, സമ്മർദ്ദം അല്ലെങ്കിൽ മറ്റ് നിർബന്ധിത മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തികളെയോ സ്ഥാപനങ്ങളെയോ മതം മാറാൻ പ്രേരിപ്പിക്കുന്നതിൽ നിന്ന് വിലക്കാൻ നിർദിഷ്ട നിയമം സഹായിക്കുമെന്ന് രാജസ്ഥാൻ നിയമമന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു. പ്രേരണകളിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം നടത്തുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് തടയാൻ നേരത്തെ നിയമം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.