തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുടെ പിതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസുകാരന് വീണ്ടും സസ്‌പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷബീറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
തുമ്പ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇയാൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ പിതാവിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങിയത്. ഇതേത്തുടർന്നുണ്ടായ പരാതിയിലാണ് ഷബീറിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
പരാതിയെ സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഷബീർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ഗുണ്ടകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കണ്ടെത്തുകയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച്, മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെ ഷബീറിനെ സസ്‌പെൻഡ് ചെയ്തു.
ഇതിന് മുൻപും സസ്‌പെൻഷൻ നടപടികൾ നേരിട്ട ഉദ്യോഗസ്ഥനാണ് ഷബീർ. കെ റെയിൽ സമരങ്ങൾ കൊടുമ്പിരി കൊണ്ട സമയത്ത് മംഗലാപുരത്ത് സമരക്കാരെ മർദ്ദിച്ച് ചവിട്ടി വീഴ്‌ത്തിയ സംഭവത്തിലും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.















