ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാധ്യതകൾക്ക് കുതിപ്പേക്കാൻ എട്ട് ബൃഹത് പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ലക്ഷദ്വീപ് പ്രകൃതി സൗന്ദര്യം ആഗോള തലത്തിൽ തന്നെ ചർച്ചയാണ്. ഇതിന്റെ സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം കൊടുക്കുന്നത്. മാലദ്വീപിന് സമാനമായ വികസനമാണ് ലക്ഷദ്വീപിൽ നടപ്പാക്കുക.
കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിലേക്ക് വലിയ കപ്പലുകൾ അടുക്കാനുള്ള സൗകര്യം, കൽപേനി, കദ്മത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവ പ്രധാന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ആദ്യ പദ്ധതി
കൊച്ചിയിൽ നിന്ന് 407 കിലോമീറ്റർ അകലെയുള്ള കദ്മത്ത് ദ്വീപിൽ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ജെട്ടികളും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി. ലക്ഷദ്വീപ് ദ്വീപുകളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമിനി ദ്വീപ് സമൂഹത്തിലെ ഏറ്റവും നീളം കൂടിയ ദ്വീപാണ് കദ്മത്ത്. 3.34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവയ്‌ക്ക് 9.3 കിലോമീറ്റർ നീളവും 0.57 കിലോമീറ്റർ വീതിയുമുണ്ട്
360 മീറ്റർ നിളത്തിൽ മൾട്ടിപർപ്പസ് ജെട്ടിയാണ് കദ്മത്തിൽ ഒരുക്കുക. യാത്രാ കപ്പലുകളുടെയും ക്രൂയിസ് കപ്പലുകളുടെയും എല്ലാ ബെർത്തിംഗ് ആവശ്യകതകളും നിറവേറ്റുന്ന തരത്തിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഒരു പാസഞ്ചർ വെയ്റ്റിംഗ് ഹാൾ, പ്രത്യേക അറൈവൽ- ഡിപ്പാർച്ചർ ടെർമിനൽ എന്നിവയും ഒരുക്കും. 303 കോടി രൂപയാണ് കദ്മത്ത് ദ്വീപിലെ ബോട്ട് ജെട്ടികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിർമാണത്തിനായി മാത്രം വകയിരുത്തിയിരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
മറ്റ് വലിയ പദ്ധതികൾ
- കൽപേനി, കദ്മത്ത് , ആന്ത്രോത്ത് എന്നിവിടങ്ങളിലെ വെയർഹൗസുകളുടെ വികസനം
- കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്റർ
- വലിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിൽ നിലവിലുള്ള കിഴക്കൻ ജെട്ടിയുടെ വിപുലീകരണം
- കൽപേനി, കദ്മത്ത്, ആൻഡ്രോത്ത് എന്നിവിടങ്ങളിൽ സ്ലിപ്പ് വേയുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വികസനത്തിന് പ്രഥമ പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ആഭ്യന്തര ഫണ്ടുകൾക്കൊപ്പം സാഗർമാല പ്രൊജക്റ്റും കൂടി ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കൊച്ചിൻ പോർട്ട് അതോറിറ്റിയാണ് പദ്ധതികളുടെ പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റ്. ചെന്നൈയിലെ അസിസ്റ്റം ഇന്ത്യ ലിമിറ്റഡാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.