ഒരു മാസം കൊണ്ട് മൂന്ന് കിലോ വരെ കുറയ്‌ക്കാൻ കഴിയുമെന്ന് പറഞ്ഞാലോ? നിസാരമെന്ന് പറയുന്നവരുണ്ടാകും. പക്ഷേ മനസ് ആഗ്രഹിക്കുന്ന ആഹാരം കഴിച്ചുകൊണ്ട് കുറയ്‌ക്കാനാകുമോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് മുൻപിൽ പലരും ആശ്ചര്യപ്പെട്ട് പോയേക്കാം. എന്നാൽ കാര്യം നടക്കുമെന്ന് പറയുകയാണ് ന്യൂട്രിഷണിസ്റ്റായ ശാലിനി സുധാകർ.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറച്ചാണ് പലരും ഭാരം നിയന്ത്രിക്കുന്നത്. സ്ഥിരമായി ഇത്തരം ഡയറ്റ് ഫോളോ ചെയ്യുന്നത് ആസക്തിയിലേക്ക് നയിക്കാമെന്നാണ് ശാലിനി പറയുന്നത്. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ ശരീരം ഊർജ്ജ ഉപഭോഗം പെട്ടെന്ന് നടക്കുന്നു. തൽഫലമായി ശരീരഭാരം കുറയുന്നു. എന്നാൽ മൂന്നാഴ്ചയിലധികം ഇത്തരത്തിൽ ചെയ്യാൻ കഴിയില്ലെന്നാണ് ശാലിനി അഭിപ്രായപ്പെടുന്നത്. തുടർന്ന് വിശപ്പും ആഹാരത്തോടുള്ള ആസക്തിയും വർദ്ധിക്കുകയും വാരിവലിച്ച് കഴിക്കുന്നതിലേക്ക് വഴിവയ്‌ക്കുകയും ചെയ്യും. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിലേക്ക് നയിക്കും. തത്ഫലമായി ശരീരഭാരം വർദ്ധിക്കും. അതിനാൽ തന്നെ ശരീരഭാരം പെട്ടെന്ന് കുറയ്‌ക്കാതെ ക്രമാനുഗതമായി കുറയ്‌ക്കണം. അതിനായി മൂന്ന് മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് ശാലിനി സുധാകർ.
1. പ്രോട്ടീനും നാരുകളും
ഓരോ നേരത്തെ ആഹാരത്തിലും ഓരോ കപ്പ് പ്രോട്ടീനും പച്ചക്കറികളുമുണ്ടെന്ന് ഉറപ്പുവരുത്തുക. എല്ലാവരും കഴിക്കുന്ന അതേ ഭക്ഷണം തന്നെ കഴിക്കാമെന്നും അല്ലാതെ പ്രത്യേക ഡയറ്റ് എടുക്കേണ്ടെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു. പ്രോട്ടീനും നാരുകളും കഴിക്കുന്നത് കൂടുമ്പോൾ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയുകയും ശരീരഭാരം കുറയ്‌ക്കുകയും ചെയ്യും.
2. വ്യായാമം
ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വ്യായാമം. ആഴ്ചയിൽ ആറ് ദിവസം ഓരോ മണിക്കൂർ വീതം വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. നടത്തം പോലുള്ള ലളിതമായ വ്യായാമവും ആകാം. കലോറി എരിച്ചുകളയാനുള്ള മികച്ച മാർഗമാണിതെന്നും ശാലിനി പറയുന്നു.
3. ഉറക്കം
കൃത്യസമയത്ത് ഉറങ്ങാൻ സാധിച്ചാൽ പകുതി വിജയിച്ചു. രാത്രി 10.30-ന് മുൻപായി ഉറങ്ങുന്നതാകും നല്ലത്. ഉറക്ക ചക്രം നിലനിർത്തുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നു. ഉറക്കം മുറിയുന്നതും വൈകിയുള്ള ഉറക്കവും കോർട്ടിസോളിന്റെ അളവ് വർദ്ധിക്കാൻ കാരണമാകുന്നു. ഇത് കൊഴുപ്പ് അടങ്ങുകൂടാൻ കാരണമാകുന്നുവെന്നും അവർ പറഞ്ഞു. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തോടെ ശരീരഭാരം കുറയ്‌ക്കണമെന്നും പറയുന്നുണ്ട്.
View this post on Instagram