തിരുവനന്തപുരം: മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാദ്ധ്യമങ്ങളാണ് തങ്ങളുടെ പ്രതിപക്ഷമെന്നും ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതപെടാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ പാർട്ടിയെ ന്യായീകരിക്കുകയായിരുന്നു ഗോവിന്ദൻ.
വിമർശനം ഉന്നയിക്കാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്. ചർച്ച നടന്നത് വലിയ പാതകമാണെന്ന നിലയിലാണ് പത്രങ്ങൾ വാർത്ത നൽകുന്നത്. ചർച്ച വേണമെന്നാണ് എന്റെ അഭിപ്രായം. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ആരെ വേണമെങ്കിലും പാർട്ടിയിൽ വിമർശിക്കാം. വിമർശനം ഉണ്ടായാൽ മാത്രമേ പാർട്ടിയെ നവീകരിക്കാൻ കഴിയൂ. പഴയ ആളുകൾ മാറി, പുതിയ ആളുകളെ ഉൾക്കൊള്ളണം.
സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്നം. എങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാദ്ധ്യമങ്ങൾ നോക്കുന്നത്. ഞാൻ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാദ്ധ്യമങ്ങൾ ഇവിടെ നിൽക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാദ്ധ്യമങ്ങൾ നൽകി. എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാദ്ധ്യമങ്ങൾക്ക് അറിയില്ല. ഇത്ര കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും മാദ്ധ്യമങ്ങളും ഈ ഭൂമിയിൽ വേറെയുണ്ടാകില്ല.
സതീശൻ എന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ, പ്രതിപക്ഷം മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങൾ തങ്ങൾക്ക് എതിരാണ്. പാർട്ടി വിരുദ്ധ മേഖലയിൽ മാദ്ധ്യമങ്ങൾ ശക്തമായി നിൽക്കുന്നു. മാദ്ധ്യമങ്ങൾക്ക് പിന്നിൽ അദാനിയും അംബനിയുമാണ്. കൈരളി ചാനൽ ഇപ്പോൾ ആരും കാണുന്നില്ല. ഞങ്ങൾ പോലും കാണുന്നില്ല. മൂലധന ശക്തികളാണ് ഇതിനൊക്കെ പുറകിലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.