ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും സവിശേഷതകളും വിളിച്ചോതുന്ന അഷ്ടലക്ഷ്മി മഹോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വൈകിട്ട് ആറിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. മൂന്ന് ദിവസം നീളുന്ന സാംസ്‌കാരികോത്സവം ഈ മാസം എട്ട് വരെ നടക്കും.
വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലകൾ, കരകൗശലവസ്തുക്കൾ, സാംസ്‌കാരിക സമ്പ്രദായങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരികയും, മേഖലയുടെ സാംസ്‌കാരിക സവിശേഷതകൾ ഉയർത്തിക്കാട്ടുകയുമാണ് പരിപാടി വഴി ലക്ഷ്യമിടുന്നത്. പരമ്പരാഗത കരകൗശലവസ്തുക്കൾ, കൈത്തറി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനം, മേഖലയിലെ വിനോദസഞ്ചാര മേഖലയ്‌ക്ക് ഉത്തേജനം നൽകുന്ന പരിപാടികൾ തുടങ്ങിയവയെല്ലാം അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഓരോ സംസ്ഥാനങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പവലിയനുകളിൽ കരകൗശല പ്രദർശനങ്ങൾ, ഗ്രാമീണ വിപണികൾ എന്നിവ ഉണ്ടാകും. കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ഫാഷൻ ഷോകളും നടത്തും. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രത്യേക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ സംഗീത പരിപാടികൾ, അതാത് പ്രദേശങ്ങളിലെ പാചകരീതികൾ എന്നിവയെല്ലാം മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.















