തിരുവനന്തപുരം: ഫൈബർ സർവീസ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലും തപാൽ വകുപ്പും ധാരണയായി. പോസ്റ്റുമാൻ വീടുകളിലെത്തി ഉപഭോക്താക്കളെ ചേർക്കും. താത്പര്യമുള്ളവർ അപ്പോൾ തന്നെ ഉപഭോക്താവാക്കാൻ ‘മിത്ര’ എന്ന പേരിൽ ആപ്പും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാന് 50 രൂപ നൽകിയാൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ഉടനടി ലഭിക്കും.
ഉപഭോക്താവിൽ നിന്നും സർവീസ് ഫീസായി ഈടാക്കുന്ന ഈ തുകയാണ് പോസ്റ്റുമാന്റെ സേവനത്തിനുള്ള കമ്മീഷൻ. ഉപഭോക്താവിന്റെ ആദ്യ ബില്ലിൽ ഈ തുക കുറച്ചുനൽകും. ബിഎസ്എൻഎല്ലിന്റെ മറ്റ് സേവനങ്ങളും വൈകാതെ വീടുകളിലെത്തും. പുതിയ മൊബൈൽ കണക്ഷൻ, പഴയ സിം മാറ്റിയെടുക്കൽ, മൊബൈൽ റീചാർജിംഗ് തുടങ്ങിയ സേവനങ്ങളും വൈകാതെ തന്നെ വീട്ടുപടിക്കലെത്തും.
നിലവിൽ ബിഎസ്എൻഎല്ലിന് 6.75 ലക്ഷം ഫൈബർ സർവീസ് ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. പോസ്റ്റോഫീസ് കൗണ്ടറുകളിലെത്തിയാൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ് ഉപഭോക്താവാകാനുള്ള സൗകര്യം നിലവിലുണ്ട്. രാജ്യത്തെ ബിഎസ്എൻഎൽ വൈഫൈ ഉപയോക്താക്കളിൽ പകുതിയിലധികവും കേരളത്തിലാണ്. ഇതിനിടയിലാണ് പദ്ധതി വ്യാപിപ്പിക്കാൻ തപാൽ വകുപ്പുമായി കൈകോർത്തിരിക്കുന്നത്.
മറ്റ് ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎൽ വളർച്ചയുടെ പടവുകൾ കയറുകയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ജൂലൈ മുതൽ ഒക്ടോബർ മാസം വരെ 55 ലക്ഷം പേരാണ് പോർട്ടിംഗിലൂടെ ബിഎസ്എൻഎല്ലിലേക്കെത്തിയത്. സിം വിൽപനയിലും ഇത് പ്രകടമാണ്. ജൂലൈയിൽ 49 ലക്ഷം പേരാണ് പുതിയ സിം എടുത്തത്. ഓഗസ്റ്റിൽ 50 ലക്ഷം, സെപ്റ്റംബറിൽ 28 ലക്ഷം, ഒക്ടോബറിൽ 19 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.