റായ്പൂർ: പൊലീസിന് വിവരം കൈമാറിയെന്ന സംശയത്തിൽ അങ്കണവാടി ഹെല്പറെ കൊലപ്പെടുത്തി നക്സലുകൾ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. 45കാരി ലക്ഷ്മി പത്മം ആണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരം ലക്ഷ്മി പൊലീസിന് കൈമാറിയെന്നാരോപിച്ചാണ് കൊലപാതകം.
കഴിഞ്ഞ ദിവസം രാത്രി തീമാപൂർ ഗ്രാമത്തിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ലക്ഷ്മിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ വീട്ടുകാരുടെ മുന്നിൽ വെച്ച് അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു.
മാവോയിസ്റ്റുകളുടെ മദ്ദേഡ് ഏരിയാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഇതിൽ ലക്ഷ്മി പൊലീസുകാർക്ക് വിവരം കൈമാറിയെന്ന് ആരോപിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബീജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ ഇതുവരെ 60ൽ അധികം സാധാരണക്കാരെയാണ് നക്സലുകൾ വധിച്ചത്.