ന്യൂഡൽഹി: ഡൽഹിയിൽ 40 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ആർകെ പുരത്തിലും പശ്ചിമവിഹാറിലും പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി എത്തിയതിന് പിന്നാലെയായിരുന്നു മറ്റ് സ്‌കൂളുകൾക്കും സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സ്‌കൂളുകളിലേക്ക് ഇ-മെയിൽ വഴി ലഭിച്ചത്.
ഇന്ന് രാവിലെ സ്‌കൂളുകളിലെത്തിയ അധികൃതർ ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കണ്ടത്. ഇതോടെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കുകയും രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.
സ്‌കൂളുകളിലെ വിവിധ നിലകളിൽ ബോംബ് വച്ചിട്ടുണ്ടെന്നും നിർവീര്യമാക്കാൻ 30,000 ഡോളർ നൽകണമെന്നുമാണ് സന്ദേശത്തിലുള്ളത്. പണം നൽകാത്ത പക്ഷം ബോംബ് പൊട്ടിത്തെറിക്കുമെന്നും ഇതിൽ പറയുന്നു. ഒരേ ഐഡിയിൽ നിന്നാണോ സന്ദേശം ലഭിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്‌കൂളുകളിൽ പരിശോധന ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഡൽഹി പബ്ലിക് സ്‌കൂളിനും ജീഡി ഗോയങ്ക സ്‌കൂളിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ സ്‌കൂളുകളിൽ പരിശോധനകൾ നടത്തുന്നതിന് പിന്നാലെയാണ് മറ്റ് സ്‌കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ ഡൽഹിയിൽ വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും നിലവിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.