ചെന്നൈ: വൈദ്യുതപോസ്റ്റിൽ നിന്നും ഷോക്കേറ്റ് രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലെ കെ. കെ നഗറിലാണ് അപകടം. കരാർ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്. പോസ്റ്റിൽ അറ്റകുറ്റപ്പണികൾക്കിടെ ഷോക്കേൽക്കുകയായിരുന്നു.
വൈദ്യുതിബന്ധം വിച്ഛേദിക്കാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് വിവരം. ഷോക്കേറ്റ് ഒരാൾ പോസ്റ്റിന് മുകളിൽ നിന്നും താഴോട്ട് വീഴുകയും രണ്ടാമത്തെയാൾ പോസ്റ്റിലിരുന്ന് കത്തിക്കരിയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് പിന്നിൽ അസ്വാഭാവികത ഉണ്ടോയെന്നും മറ്റ് വീഴ്ചകളുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തമിഴ്‌നാട് വൈദ്യുതിവകുപ്പ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.