2027 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാകും നടത്തുക. ഐസിസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളും ഹൈബ്രിഡ് മോഡലിൽ നടത്തുമെന്ന് ഉറപ്പായി. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്,ഇംഗ്ലണ്ട്, ഇന്ത്യ,ന്യൂസിലൻഡ്,ദക്ഷിണാഫ്രിക്ക, ആതിഥേയരായ പാകിസ്താൻ ഉൾപ്പടെ എട്ടു ടീമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
അതേസമയം 2025-ൽ ഇന്ത്യയിൽ നടക്കുന്ന വനിത ഏകദിന ലോകകപ്പ്, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലെ ഇന്ത്യ-പാക് മത്സരങ്ങളും നിഷ്പക്ഷ വേദിയിലാകും നടത്തുക. 2028-ലെ വനിത ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പാകിസ്താന് നൽകി.
ഹൈബ്രിഡ് മോഡൽ ഇവിടെയും നടപ്പിലാക്കും. ഉടനെ തന്നെ ചാമ്പ്യൻസ് ട്രോഫിയുടെ അന്തിമ ഷെഡ്യൂൾ ഐസിസി പുറത്തിറക്കും. ടൂർണമെന്റ് ഏകദിന ഫോർമാറ്റിലോ ടി20 ഫോർമാറ്റിലോ എന്ന കാര്യവും ഇതോടെ വ്യക്തമാകും. ബ്രോഡ്കാസ്റ്റർമാരുടെ താത്പര്യത്തിന് വഴങ്ങിയാൽ ചാമ്പ്യൻസ് ട്രോഫി ടി20 ഫോർമാറ്റിലേക്ക് മാറും.