ഇടുക്കി: സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപ തുക തിരിച്ചുചോദിച്ചപ്പോൾ അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ, സാബുവിന്റെ വീട് സന്ദർശിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. സംസ്‌കാര ചടങ്ങിൽ നിന്നും മന്ത്രി വിട്ടുനിന്നിരുന്നു.
എന്നാൽ ഇതിനുപിന്നാലെ വിചിത്ര ന്യായീകരണങ്ങളുമായാണ് മന്ത്രി രംഗത്തെത്തിയത്. ” ഇന്നലെ വരെ അദാലത്തുണ്ടായിരുന്നു. പിന്നാലെ ചങ്ങനാശേരിയിലേക്ക് പോയി. കൾദിനാൾ കൂവക്കാട്ട് പിതാവിന്റെ റിസപ്ഷനിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. മന്ത്രിമാരും ബിഷപ്പുമാരും പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയാണത്.” അതിൽ നിന്നു താൻ മാത്രം വിട്ടുനിൽക്കുക എന്നത് ഖേദകരമാണെന്നും ആയിരുന്നു മന്ത്രിയുടെ ന്യായീകരണം. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അവർക്ക് തന്നെ അറിയാമെന്നും മന്ത്രി പറഞ്ഞു.
സാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ കട്ടപ്പന സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജിയെ തള്ളിപ്പറയാനും മന്ത്രി റോഷി അഗസ്റ്റിൻ ആർജവം കാണിച്ചില്ല. നീതി പൂർവമായ അന്വേഷണം നടക്കുമെന്നായിരുന്നു പ്രതികരണം. കുടുംബത്തിന് നീതി ലഭിക്കുമെന്നും വി ആർ സജിയുടെ ഭീഷണി സന്ദേശം ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വി ആർ സജി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര ന്യായീകരണമാണ് സിപിഎം മുന്നോട്ടു വയ്‌ക്കുന്നത്. സാബുവിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വിളിച്ചതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
നിക്ഷേപ തുക ലഭിക്കാത്തതിനെ തുടർന്നാണ് സാബു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്‌ക്കാവശ്യമായ പണം പിൻവലിക്കാൻ ബാങ്കിലെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വി ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തിയത്. അപമാനഭാരം പേറിയാണ് സാബു ആത്മഹത്യ ചെയ്തതെന്നും സജിക്കെതിരെയും ബാങ്ക് ജീവനക്കാർക്കെതിരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.