ഡൽഹി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ ഇൻഡി മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കോൺഗ്രസിനെതിരെ ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ അരവിന്ദ് കേജരിവാൾ, ഇൻഡി സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ I.N.D.I.A ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ മാറ്റിനിർത്തുന്ന കാര്യം സഖ്യത്തിലുള്ള മറ്റ് കക്ഷികളുമായി സംസാരിക്കുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു.
“ഇല്ലാത്ത” ക്ഷേമപദ്ധതികൾ വാഗ്ദാനം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് പരാതി നൽകിയതിനെത്തുടർന്നാണ് എഎപിയുടെ നീക്കം. 2013ലെ തെരഞ്ഞെടുപ്പിൽ ആപ്പിനെ പിന്തുണച്ച കോൺഗ്രസ് തീരുമാനമാണ് ഡൽഹിയിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമായതെന്നും മുറിവിൽ ഉപ്പ് പുരട്ടിയതിന് തുല്യമായിരുന്നു ആ നീക്കമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പ്രതികരിച്ചിരുന്നു. ഇതും ആപ്പിനെ അസ്വസ്ഥപ്പെടുത്തി.
രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് കേജരിവാളെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യം ചേർന്ന് പ്രവർത്തിച്ചത് അബദ്ധമായെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞിരുന്നു. കേജരിവാളിനെ “ദേശവിരുദ്ധൻ” എന്നും അജയ് മാക്കൻ വിശേഷിപ്പിച്ചു. ഇതിൽ പ്രകോപിതനായ എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ്, 24 മണിക്കൂറിനുള്ളിൽ മാക്കനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കാൻ വേണ്ടതെല്ലാം കോൺഗ്രസ് ചെയ്യുന്നുണ്ടെന്നാണ് സിംഗിന്റെ ആരോപണം. ബിജെപിയുടെ തിരക്കഥയാണ് കോൺഗ്രസിന്റെ അജയ് മാക്കൻ വായിക്കുന്നത്. ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇൻഡി സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആംആദ്മി പാർട്ടി ആവശ്യപ്പെടുമെന്നും സിംഗ് പറഞ്ഞു.