കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 24 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു.
പത്ത് പ്രതികളെ വെറുതെവിട്ടു. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) രാഷ്‌ട്രീയവൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പറഞ്ഞത്.
കേസിലെ ഗൂഢാലോചനയും തെളിഞ്ഞതായി കോടതി അറിയിച്ചു. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗവും കേസിലെ ഒന്നാം പ്രതിയുമായ പീതാംമ്പരൻ, കൃത്യം നടത്തിയ രണ്ടാം പ്രതി സജി ജോർജ്, മൂന്നാം പ്രതി സുരേഷ്, അനിൽ കുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപ്, മണികണ്ഠൻ, എ സുരേന്ദ്രൻ, രാഘവൻ, ഭാസ്കരൻ എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു.
കേസിലെ ആദ്യ എട്ട് പ്രതികൾക്കെതിരെയുള്ള കൊലപാതകകുറ്റവും തെളിഞ്ഞിട്ടുണ്ട്. ഒമ്പതാം പ്രതി മുരളി, രഞ്ജിത്ത്, പ്രദീപ്, മണികണ്ഠൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ വസ്ത്രങ്ങൾ ഇവർ കത്തിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. 12 മുതൽ 14 വരെയുള്ള പ്രതികൾക്കെതിരെ തെളിവുനശിപ്പിക്കൽ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉൾപ്പെടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പിനിടെയാണ് കേസിൽ സിബിഐ അന്വേഷണം നടന്നത്. 2019 സെപ്റ്റംബർ 30-നാണ് കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങിയത്. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് സിബിഐയ്‌ക്ക് വിടാനുള്ള തീരുമാനം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു.















