ന്യൂയോർക്ക്: 2024 ലെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൺ പുറത്ത്. മത്സരത്തിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനാണ് കാൾസനെ ഫിഡെ (FIDE) അയോഗ്യനാക്കിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയ താരം ടൂർണമെൻ്റിന്റെ ഔദ്യോഗിക ഡ്രസ്സ് കോഡ് ലംഘിച്ചുവെന്ന് ഫിഡെ ചൂണ്ടിക്കാട്ടി. പിഴയും മുന്നറിയിപ്പും നൽകിയിട്ടും ഇത് അവഗണിച്ചതോടെയാണ് അയോഗ്യനാക്കുന്ന നടപടിയിലേക്ക് കടന്നത്.
താരത്തിന് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ അധികൃതർ ജീൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാൾസൺ തയാറായില്ല. അടുത്ത മത്സരം മുതൽ ഡ്രസ്സ് കോഡിലെത്താമെന്നായിരുന്നു കാൾസന്റെ നിലപാട്. തുടർന്ന് ഫിഡെ ചീഫ് ആർബിറ്റർ അലക്‌സ് ഹോളോവ്‌സാക്ക് നോർവേ ഗ്രാൻഡ് മാസ്റ്ററെ അയോഗ്യനാക്കി.
ചാമ്പ്യൻഷിപ്പിൽ ദീർഘകാലമായി നിലവിലുള്ള നിയന്ത്രണങ്ങളാണ് ഇവയെന്നും നിബന്ധനകൾ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ കളിക്കാരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഫിഡെ ചീഫിന്റെ പ്രസ്താവനയിൽ പറഞ്ഞു. മുൻപ് ഓഫീസ് ഷൂവിനുപകരം സ്പോർട്സ് ഷൂ ധരിച്ചെത്തിയ റഷ്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ ഇയാൻ നെപോമ്നിയാച്ചിക്കും ഫിഡെ പിഴ നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഷൂ മാറ്റിയെത്തിയ താരത്തെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയായിരുന്നു.