ജയ്പൂർ: കാബേജിന്റെ ഇല കഴിച്ച 14-കാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത കാബേജാണ് 14-കാരിയുടെ ജീവനെടുത്തത്. കീടനാശിനി തളിച്ച കാബേജിന്റെ ഇലയാണ് പെൺകുട്ടി കഴിച്ചത്.
ഡിസംബർ 18-നാണ് സംഭവം. കുട്ടിയുടെ പിതാവ് അശ്വിനി കുമാറാണ് വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നത്. ഈ പറമ്പിൽ നിന്ന് കാബേജ് ഇല പറിച്ചെടുത്ത് കഴിക്കുകയായിരുന്നു. നടന്ന് വീട്ടിലെത്തിയതോടെ ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 24-നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മാവൻ കാബേജിൽ കീടനാശിനി തളിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.