ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച. വിനോദസഞ്ചാരികളും തീർത്ഥാടകരും ധാരാളമെത്തുന്ന പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച കനക്കുന്നത്. മഞ്ഞുവീഴ്ച ശക്തമാകുന്നതിനെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു.
മഞ്ഞുവീഴ്ച തുടരുന്നതിനാൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരകാശിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നേരിയ മഴയും അനുഭവപ്പെടുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ റോഡിലെ മഞ്ഞുകൂമ്പാരങ്ങൾ മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. യാത്രക്കാർ പ്രത്യേക മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നഡ്ഡി, ധരംകോട്ട്, ഭഗ്സുനാഗ് എന്നിവിടങ്ങളിൽ 0 ഡിഗ്രി സെൽഷ്യസ് മുതൽ 1 ഡിഗ്രി വരെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
ഷിംലയിലും ഹിമാചൽ പ്രദേശിന്റെ മറ്റ് മേഖലകളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ഈ വർഷം ഹിമാചലിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത്.