തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് വേണ്ടി നിർമിക്കുന്ന ടൗൺഷിപ്പുകളെക്കുറിച്ച് വിശദവിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിക്കൊപ്പമെത്തിയാണ് പുനരധിവാസ രൂപരേഖ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിജീവിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്നും നിർമാണചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.
രണ്ട് എസ്റ്റേറ്റുകളിലായി 750 കോടി രൂപ ചെലവിൽ 1,000 സ്ക്വയർ ഫീറ്റിലുള്ള വീടുകൾ അടങ്ങുന്ന രണ്ട് ടൗൺഷിപ്പുകളാണ് നിർമിക്കുക. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ അഞ്ച് സെന്റിൽ വീടുകൾ ഉയരും. ഭാവിയിൽ മുകളിലേക്ക് നില കെട്ടി ഉയർത്താവുന്ന വിധത്തിൽ അടിത്തറ പാകുന്ന വീടുകളായിരിക്കും നിർമിക്കുക. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം, ഹെൽത്ത് ക്ലബ്ബ്, കമ്യൂണിറ്റി ഹാൾ എന്നിവയുണ്ടാകും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലായിരിക്കും വീടുകൾ. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് 5, 10 സെന്റുകൾ തീരുമാനിച്ചതെന്നും ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഏറ്റെടുക്കും. ജനുവരി 25-നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തുവിടുമെന്നാണ് സർക്കാർ ഉറപ്പുനൽകുന്നത്. ഓരോ എസ്റ്റേറ്റിലും എത്രവീതം വീടുകൾ ഉയരുമെന്നതും ഇതിനൊപ്പം അറിയിച്ചേക്കും. നിർമാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയെ ചുമതലപ്പെടുത്തും. ഇതിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവരുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുമുണ്ടാകും. ഒറ്റഘട്ടമായി പുനരധിവാസം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.
വീട് തകർന്നവർക്കും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവർക്കും ഒരുമിച്ച് പുനരധിവാസം നടത്താനാണ് സംസ്ഥാന സർക്കാർ പദ്ധതി. ടൗൺഷിപ്പ് ഉടമസ്ഥാവകാശം ദുരന്തബാധിതർക്ക് തന്നെയായിരിക്കും. ഉരുൾപൊട്ടലുണ്ടായ ഭൂമി ദുരിന്തബാധിതർക്ക് നഷ്ടമാവില്ല. വീട് വേണ്ടെന്ന തീരുമാനവുമായി ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിതർക്ക് 15 ലക്ഷം രൂപ നൽകും. ഇത് മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ അതിജീവിതർക്ക് മാത്രം ബാധകമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ടൗൺഷിപ്പിലെ ഭൂമി വിൽക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
38 സ്പോൺസർമാർ ഇതുവരെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സ്പോൺസർമാർക്ക് വേണ്ടി പ്രത്യേക വെബ്പോർട്ടൽ നിലവിൽ വരും. വെബ് പോർട്ടൽ വഴി സ്പോർൺസർമാർക്ക് നിർമാണ പുരോഗതി വിലയിരുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു.