ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്‌ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്ക് സ്മൃതി മണ്ഡപം നിർമിക്കാൻ സ്ഥലം അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഡാനിഷ് അലി. അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സ്മാരകത്തിനുള്ള സ്ഥലം അനുവദിക്കാതെ പ്രണബ് മുഖർജിയുടെ സ്മാരകത്തിന് സ്ഥലം അനുവദിച്ചുവെന്ന് പറഞ്ഞാണ് വിമർശനം.
പ്രണബ് മുഖർജിക്ക് സ്മാരകത്തിന് സ്ഥലം അനുവദിച്ചത് ആർഎസ്എസ് സ്‌നേഹത്തിനുള്ള സമ്മാനമാണെന്ന് കോൺഗ്രസ് നേതാവ് പറയുന്നു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രണബ് മുഖർജി മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഡാനിഷ് അലിയുടെ വിമർശനം. പ്രണാബ് മുഖർജി കോൺഗ്രസ് നേതാവായിരുന്നുവെന്ന കാര്യം പോലും മറന്നാണ് ഡാനിഷ് അലിയുടെ വിമർശനം.
പാർലമെന്റിൽ വീർ സവർക്കറുടെ ചിത്രം സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചത് പ്രണബ് മുഖർജിയാണെന്നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് അദ്ദേഹം തലകുനിക്കുകയായിരുന്നുവെന്നും ഡാനിഷ് അലി വിമർശിക്കുന്നു. ഡൽഹിയിലെ രാജ്ഘട്ട് കോംപ്ലക്‌സിലെ രാഷ്‌ട്രീയ സ്മൃതി സ്ഥലിലാകും പ്രണബ് മുഖർജിക്ക് സ്മൃതി മണ്ഡപം ഒരുങ്ങുക. കുടുംബം പ്രത്യേകിച്ച് ആവശ്യപ്പെടാതെ ഇതിനുള്ള സ്ഥലം അനുവദിച്ചതിൽ നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
രാജ്ഘട്ട് സ്മൃതി സ്ഥലിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചുവെന്നും അതേ സ്ഥലത്താണ് പ്രണബ് മുഖർജിക്ക് സ്മാരകം അനുവദിച്ചതെന്നുമാണ് ഡാനിഷ് അലിയുടെ വിമർശനം. മൻമോഹൻ സിംഗിനെ അവഹേളിക്കുന്ന നടപടിയാണിതെന്നും ഡാനിഷ് അലി പറയുന്നു. എന്നാൽ ഡോ. മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2018 ജൂൺ ഏഴിനായിരുന്നു നാഗ്പൂരിൽ ആർഎസ്എസ് ത്രിതീയ സംഘശിക്ഷാ വർഗിൽ പ്രണബ് മുഖർജി മുഖ്യാതിഥിയായി പങ്കെടുത്തത്. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജൻമഗൃഹത്തിലെത്തിയ അദ്ദേഹം ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രനെന്നാണ് വിശേഷിപ്പിച്ചത്.