അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. വിരമിക്കൽ പ്രസംഗത്തിൽ അന്താരാഷ്‌ട്രതലത്തിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഗുപ്റ്റിൽ അഭിമാനം പ്രകടിപ്പിച്ചു. തന്റെ കരിയറിൽ ഉടനീളം പിന്തുണ നൽകിയ ന്യൂസിലൻഡ് ക്രിക്കറ്റ്, ടീമംഗങ്ങൾ, കോച്ചിംഗ് സ്റ്റാഫ് , കുടുംബാംഗങ്ങൾ എന്നിവരോട് അദ്ദേഹം നന്ദി പറഞ്ഞു.
“ചെറുപ്പത്തിൽ ന്യൂസിലൻഡിനായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, എന്റെ രാജ്യത്തിനായി 367 മത്സരങ്ങൾ കളിച്ചതിൽ എനിക്ക് ഭാഗ്യവും അഭിമാനവും തോന്നുന്നു,” ഗുപ്റ്റിൽ പറഞ്ഞു.
14 വർഷം നീണ്ട കരിയറിൽ ന്യൂസിലൻഡിനായി 47 ടെസ്റ്റുകളും 198 ഏകദിനങ്ങളും 122 ടി20കളും ഗുപ്റ്റിൽ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 23 സെഞ്ച്വറികൾ നേടി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏക ന്യൂസിലൻഡുകാരനാണ് 38 കാരനായ ഗുപ്റ്റിൽ. 2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 237 റൺസെടുത്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.122 മത്സരങ്ങളിൽ നിന്ന് 3,531 റൺസുമായി ന്യൂസിലൻഡിന്റെ ഏറ്റവും വലിയ ടി20 റൺസ് സ്‌കോററായാണ് ഗുപ്റ്റിൽ വിരമിക്കുന്നത്.
2009 ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിലാണ് ഗുപ്റ്റിലിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റമത്സരത്തിൽ തന്നെ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഗപ്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലൻഡ് ക്രിക്കറ്ററുമായി. 2019 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ എംഎസ് ധോണിയുടെ റണ്ണൗട്ടിനുപിന്നിലെ കരങ്ങളും ഗുപ്റ്റിലിന്റെതാണ്.
വിരമിക്കലിനുശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ സൂപ്പർ സ്മാഷ് ടൂർണമെൻ്റിൽ ഓക്ലൻഡ് എയ്‌സിന്റെ ഭാഗമാണ്.