പത്തനംതിട്ട: ഡ്യൂട്ടിക്കിടെ മദ്യപിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർഫോഴ്‌സ് ടീമിലെ സുധീഷ് എസ്, ഗാന്ധിനഗർ ഫയർഫോഴ്‌സ് ടീമിലെ ബിനു പി എന്നിവർക്കെതിരെയാണ് നടപടി. പമ്പയിൽ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 28നാണ് സംഭവം. ഫയർഫോഴ്സ് മേധാവിയാണ് സസ്‌പെൻഷൻ നൽകികൊണ്ടുള്ള ഉത്തരവിറക്കിയത്.
ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഫയർഫോഴ്സ് മേധാവിയുടെ ഉത്തരവിൽ പറയുന്നു. ഡ്യൂട്ടിക്കിടെ മദ്യപിക്കുക വഴി വകുപ്പിന്റെ സത്‌പേരിന് കളങ്കം ചാർത്തുക, കൃത്യവിലോപം, ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനം എന്നീ കുറ്റങ്ങൾ ചെയ്തതായി ബോധ്യപ്പെട്ടുവെന്നും ഉത്തരവിലുണ്ട്. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്.
പമ്പയിൽ കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനിൽ കാറിലെത്തി ഇതിനകത്തിരുന്നാണ് ഇരുവരും മദ്യപിച്ചത്. ഇവർക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. പമ്പ എസ്‌ഐ അലോഷ്യസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കാറിനുള്ളിൽ നിന്നും അര ലിറ്ററിന്റ വോഡ്ക മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.