സിനിമ റിലീസ് ആകാൻ വൈകുന്തോറും വിജയ സാധ്യത കുറയുകയാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം ചിത്രങ്ങൾക്കും നിശ്ചയിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാറില്ല. ചിത്രീകരണത്തിനിടെ നായകനും സംവിധായകനും മരിച്ചതോടെ 23 വർഷത്തിനുശേഷം റീലീസ് ചെയ്ത സിനിമയുണ്ട് .
1986-ൽ പുറത്തിറങ്ങിയ ‘ഖൈസ് ഓർ ലൈല’ അഥവാ ‘ലവ് ആന്റ് ഗോഡ്’ ആണ് ഈ സിനിമ. ഏറ്റവും കൂടുതൽ സമയമെടുത്ത് ചിത്രീകരിച്ച സിനിമ, റിലീസാവാൻ ഏറ്റവും കൂടുതൽ സമയമെടുത്ത സിനിമ തുടങ്ങിയ ഇതിന്റെ പ്രത്യേകതയാണ്. 1963-ലാണ് ചിത്രീകരണം തുടങ്ങിയത്.
ലൈലയുടെയും മജ്‌നുവിന്റെയും പ്രണയ കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ഗുരുദത്തും നിമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഖ്യാത ചലചിത്രകാരനായ ആസിഫ് കരീമാണ് സിനിമ സംവിധാനം ചെയ്തത്.
1964-ലാണ് അമിത മദ്യപാനത്തെ തുടർന്ന് ഗുരുദത്ത് മരിക്കുന്നത്. ഗുരുവിന്റെ മരണത്തോടെ ‘ഖൈസ് ഓർ ലൈല’യുടെ കാര്യം അവതാളത്തിലായി. ഒടുവിൽ 1970ൽ നടൻ സഞ്ജീവ് കുമാറിനെ വെച്ച സിനിമ പൂർത്തിയാക്കാൻ സംവിധാകൻ തീരുമാനിച്ചു. ചിത്രീകരണം തുടങ്ങി ഒരുവർഷമാകുമ്പോഴേക്കും സംവിധായകനും മരിച്ചു.
15 വർഷം കഴിഞ്ഞ് സംവിധായകന്റെ ഭാര്യ അഖ്തർ സിനിമ പൂർത്തിയാക്കാൻ ശ്രമിച്ചു. സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാകുന്നതിനിടെ സഞ്ജീവ് കുമാറും മരിച്ചു. പിന്നീട് സുദേഷ് ഭോസ്ലെയാണ് സഞ്ജീവിന്റെ ഭാഗം ഡബ്ബ് ചെയ്തത്. ഒടുവിൽ 1986 മെയ് 27-നാണ് ആസിഫിന്റെ അപൂർണ സിനിമ റിലീസായത്.